ആ പ്രണയ ലേഖനം ഓര്‍മ്മിക്കുമ്പോള്‍....
ഇത് ഒരു സന്കല്പ കഥയാണ്...
എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ഞാന്‍ ആദ്യമായി ഒരു പ്രണയ ലേഖനം കാണുന്നത്. എന്റെ ക്ലാസ്സിലെ മനോഹരന്‍ എന്ന മൂന്നാം വര്‍ഷക്കാരന്‍ ഇന്റര്‍വെല്‍ സമയത്ത് പത്താം ക്ലാസ്സിന്റെ മര അഴികള്‍ക്കിടയിലൂടെ ‘ലെറ്റര്‍’ എന്ന് വിളിക്കുന്ന നാലായി മടക്കിയ കടലാസ്സ് കൊടുക്കുന്നതും ഏതോ വെളുത്ത കൈവിരലുകള്‍ അതു വാങ്ങുന്നതും കണ്ട് ഞാന്‍ അന്തം വിട്ട് നിന്നു. ഒന്നു വായിക്കാന്‍ താ എന്ന എന്റെ നിരന്തര ശല്യപ്പെടുത്തലിന്റെ അവസാനം ഒരു ദിവസം അവളുടെ മറുപടി അവനെനിക്ക് കാണിച്ചു തന്നു. ചങ്ങമ്പുഴ കവിതകള്‍ പകര്‍ത്തിയ വരികള്‍ക്ക് ചുറ്റും ഐ.ലവ്.യു. എന്ന് പല വര്‍ണ്ണങ്ങളില്‍ കുനുകുനാ എഴുതിയിരുന്നു.
തുമ്പി എന്നു വിളിപ്പേരുള്ള വലിയ കണ്ണുകളുള്ള ഒരു പെണ്‍കുട്ടിയെ ആണ് മനോഹരന്‍ പ്രേമിച്ചിരുന്നത്. അവളും മനോഹരനും ഒന്നിച്ചു എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് പ്രണയം തുടങ്ങിയത്. തുമ്പി ജയിച്ച് പത്താം ക്ലാസ്സിലെത്തിയപ്പോഴും മനോഹരന്‍ എട്ടില്‍ തന്നെ തുടര്‍ന്നു. സ്കൂളിലെ ഏറ്റവും സുന്ദരിയായിരുന്നു തുമ്പി. അവളെ കാണാന്‍ ആണ്‍കുട്ടികള്‍ ഇന്റര്‍വെല്‍ സമയങ്ങളില്‍ അവളുടെ ക്ലാസ്സിന്റെ മുന്നില്‍ കൂടി വെറുതെ നടക്കുമായിരുന്നു. തുമ്പിയുടെ ക്ലാസ്സിലെ പിള്ളേര്‍ക്കൊക്കെ അവളുടെ കൂടെ പഠിക്കുന്നതിനാല്‍ വലിയ ഗമ ആയിരുന്നു.
മനോഹരന് തുമ്പി അയച്ചതു പോലെയുള്ള സാഹിത്യസൌരഭ്യമാര്‍ന്ന പ്രണയ ലേഖനം ഒരെണ്ണം കിട്ടാന്‍ ഞാനും കുറച്ചൊക്കെ ആഗ്രഹിച്ചു. സുന്ദരിമാരുടെ ഒരു ചിരി, ഒരു നോട്ടം പോലും ദിവസങ്ങളോളം ഭാരമില്ലാതെ നടക്കാന്‍ പ്രാപ്തമാക്കുന്ന കാലമായിട്ടും, പഠിക്കുന്ന കാര്യം വിട്ട് വേറൊന്ന് ചിന്തിക്കുവാന്‍ എന്റെ ഭൌതികത പലപ്പോഴും എന്നെ അശക്തനാക്കി. തിരമാലകള്‍ പോലെ കൂട്ടമായി നടന്നു വരുന്ന മുഴുപാവാടക്കാരികളെ കാണുമ്പോ തന്നെ വിറക്കുന്നതിനാല്‍ പ്രണയലേഖനം കൊടുക്കുന്നത് പോയിട്ട് അവരോടൊന്ന് മിണ്ടാന്‍ പോലും ആ നാളുകളില്‍ കഴിഞ്ഞില്ല.
അങ്ങനെ ആരെയും പ്രണയിക്കാതെയും ഒരു പ്രണയ ലേഖനം പോലുമെഴുതാതെയും എന്റെ സ്കൂള്‍ കാലം കഴിഞ്ഞു. മനോഹരന്‍ പിന്നെയും തോറ്റു പഠിപ്പ് മതിയാക്കി ബസ്സില്‍ ക്ലീനറായി ജോലി ചെയ്യാന്‍ തുടങ്ങി. തുമ്പി നിയമം പഠിക്കുവാന്‍ ദൂരെ എവിടേക്കോ പോയി. അവരുടെ പ്രണയം എങ്ങനെയാണ് അവസാനിച്ചതെന്നറിയില്ല. ഞാന്‍ സ്കൂളിനടുത്ത് തന്നെയുള്ള ഒരു പാരലല്‍ കോളേജില്‍ പ്രീഡിഗ്രിക്ക് ചേര്‍ന്നു. ആദ്യ വര്‍ഷത്തെ അപരിചിതത്വവും അമ്പരപ്പും കഴിഞ്ഞ് രണ്ടാം വര്‍ഷമായി. പഠിക്കാനുള്ള സമ്മര്‍ദ്ദ മതിലുകള്‍ എന്റെ മുന്നില്‍ ചെറുതായി. കാണുന്ന സുന്ദരികളോടെല്ലാം പ്രേമം തോന്നിത്തുടങ്ങി.
ഫസ്റ്റിയര്‍ ബാച്ചില്‍ ശ്രീദേവി എന്നൊരു പെണ്‍കുട്ടി ഉണ്ടായിരുന്നു. വെളുത്ത് വട്ട മുഖവും നീണ്ട മുടിയില്‍ തുളസിക്കതിരും ചൂടി വരുന്ന ഒരു തനി നാടന്‍ സുന്ദരി. അവള്‍ കണ്ണുകളില്‍ മഷിയെഴുതി കൈ നിറയെ കുപ്പി വളകളിടുമായിരുന്നു. അതിന്റെ കിലുകിലാരവം എപ്പോഴും അവളുടെ ആഗമനമറിയിക്കാന്‍ മുന്നേ നടന്നു. കുപ്പിവളകളോടുള്ള ഇഷ്ടം അവളെ എനിക്ക് പ്രിയങ്കരിയാക്കി. അവളെയോര്‍ത്ത് രാത്രികളില്‍ ഉറക്കമില്ലാതായി. കോളേജില്ലാത്ത പകലുകളെ ഞാന്‍ വെറുക്കാന്‍ തുടങ്ങി. അവളെ എങ്ങനെയെങ്കിലും എന്റെ ഇഷ്ടംഒന്നറിയിക്കാന്‍ പല വട്ടം ശ്രമിച്ചെങ്കിലും അപകര്‍ഷത എനിക്ക് വിലങ്ങിട്ടു. ഒരു കത്ത് കൊടുക്കാമെന്നു വെച്ചാ അവളത് വാങ്ങുമെന്ന് ഉറപ്പുമില്ല. അത്രയ്ക്ക് ധൈര്യവുമെനിക്കുണ്ടായില്ല. ദിവസങ്ങള്‍ അങ്ങനെ യാതൊരു പുരോഗതിയുമില്ലാതെ പോകുമ്പോഴാണ് അപ്രതീക്ഷിതമായി എനിക്ക് മറ്റൊരാളില്‍ നിന്നും പ്രണയ ലേഖനം കിട്ടാനിടയായത്.
കോളേജിലെ ക്ലാസ്സു കഴിഞ്ഞാല്‍ എനിക്ക് ടൈപ്പ് റൈറ്റിങ്ങിനും കൂടി പോകണമായിരുന്നു. എല്ലാവരും ക്ലാസ്സ് കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോ ഞാന്‍ വിശപ്പ് സഹിച്ച് ടൈപ്പ് റൈറ്റിങ്ങ് മിഷ്യനുമായി ഗുസ്തി പിടിക്കുകയായിരിക്കും. കോളേജ് വിട്ട് ഞാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചെല്ലുമ്പോ രാധാമണിയും അവിടെ ടൈപ്പ് ചെയ്യുന്നുണ്ടാവും. വെളുത്ത് മെലിഞ്ഞ് കാണാന് തരക്കേടില്ലാത്ത ഒരു കുട്ടി. കാണുമ്പോ ചിരിക്കും; എന്തെങ്കിലും സംസാരിക്കും എന്നല്ലാതെ കൂടുതല്‍ അടുപ്പമൊന്നും അവളുമായി ഉണ്ടായിരുന്നില്ല.
മാഷ് എന്തിനോ പുറത്തേക്ക് പോയ ഒരു ദിവസം ഞാനും രാധാമണിയും തനിച്ചായി. അവളുടെ സീറ്റ് എന്റെ നേരെ പിന്നില്‍ ചുമരരികിലായിരുന്നു. ഞങ്ങള്‍ക്കിടയിലുള്ള ജനല്‍ പടിയിലായിരുന്നു ഞാന്‍ എന്റെ കോളേജ് പുസ്തകങ്ങള്‍ വെച്ചിരുന്നത്. അവള്‍ കൈ നീട്ടി പുസ്തകങ്ങള്‍ എടുത്ത് മറിച്ചു നോക്കുന്നത് ഞാന്‍ ടൈപ്പ് ചെയ്യുന്നതിനിടയില്‍ കാണുന്നുണ്ടായിരുന്നു. കുറച്ച് കഴിഞ്ഞ് അവളെന്റെ ചുമലില്‍ തൊട്ടു. ഞാന്‍ നോക്കിയപ്പോള്‍ അവള്‍ നീല നിറത്തിലുള്ള ഒരു മടക്കിയ കടലാസ്സ് എന്നെ കാണിച്ച് ആ നോട്ടു ബുക്കിലേക്ക് വെച്ചു. അനാദികാലം മുതല് ഞാന്‍ കൊതിച്ച കനിയാണ് എന്റെ നോട്ട് ബുക്കിലെന്ന് എനിക്ക് മനസ്സിലായി. നെഞ്ചിടിപ്പും കൈ വിറയലും കാരണം പിന്നീട് ഞാന്‍ അടിച്ചത് മുഴുവന് തെറ്റായിരുന്നു.
വീട്ടിലെത്തി ആരും കാണാതെ കത്തെടുത്ത് വായിച്ചു. നല്ല കൈയക്ഷരമായിരുന്നു അവളുടേത്. ഒട്ടും അക്ഷരതെറ്റുമില്ല. എന്നെ ഇഷ്ടമാണെന്നും എത്രയും പെട്ടെന്ന് മറുപടി കൊടുക്കണമെന്നും അതിലെഴുതിയിരുന്നു. പക്ഷേ ശ്രീദേവി ഉള്ളില്‍ നിറദീപമായി നിറഞ്ഞ് നില്‍ക്കുന്നതിനാല്‍ എനിക്ക് രാധാമണിയോട് താല്‍പ്പര്യം തോന്നിയില്ല. ശ്രീദേവിയുടെ സൌന്ദര്യത്തിന് മുന്നില്‍ രാധാമണി ഒന്നുമല്ലായിരുന്നു. അതു കൊണ്ട് അവളോട് എനിക്കൊന്നും തോന്നിയില്ല. പക്ഷേ രാധാമണി കാണുമ്പോഴൊക്കെ എന്നോട് കണ്ണുകളാല്‍ മറുപടി ചോദിക്കാന്‍ തുടങ്ങി. ഒന്നും പറയാതെ ഞാന്‍ ഒഴിഞ്ഞുമാറി നടന്നു. ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് ലേറ്റായി പോയി കുറച്ച് ദിവസം അവളെ കാണാതിരുന്നു. പക്ഷേ അവളതു മനസ്സിലാക്കി കെട്ടിടത്തിന്റെ മുകളിലേക്കുള്ള ഏണിപ്പടിയില്‍ ഞാന് വരുന്നത് വരെ കാത്തു തീ പാറുന്ന നോട്ടത്തിനാലെന്നെ ശിരച്ഛേദം ചെയ്തു. പിന്നെ ഞാന്‍ ടൈപ്പിങ്ങ് രാവിലത്തേക്ക് മാറ്റി അവളെ ക്രൂരമായി ഒഴിവാക്കി. പിന്നെ അവളെ കണ്ടതേയില്ല.
ശ്രീദേവിയെ മറ്റാരും സ്വന്തമാക്കുന്നതിനു മുന്‍പ് എത്രയും പെട്ടെന്ന് അവളോട് സംസാരിക്കണമെന്ന് ഞാന്‍ തീരുമാനിച്ചു. അതിനായി ഒരു ദിവസം ക്ലാസ്സ് വിട്ട ശേഷം കൂട്ടുകാരെയെല്ലാം ഒഴിവാക്കി അവള്‍ വരുന്നത് വരെ ഞാന്‍ കോളേജില്‍ കാത്തു നിന്നു. അന്നു അവളുടെ കൂടെ രണ്ട് കൂട്ടുകാരികളും ഉണ്ടായിരുന്നു. മൂന്നു പേരും എന്നോട് ചിരിച്ച് ക്ലാസ്സിലേക്ക് പോയി. പിള്ളേരൊക്കെ വന്നു തുടങ്ങുന്നതേയുള്ളു. ഇനിയും കാത്തു നില്‍ക്കാന്‍ വയ്യ. അവളെ തനിച്ച് പുറത്തേക്ക് വിളിച്ചിട്ട് കാര്യം പറയാം. ഇന്നു നടന്നില്ലെങ്കില്‍ മരിച്ചു പോകുമെന്ന അവസ്ഥയില്‍ കിട്ടുന്ന ഒരു ധൈര്യത്തോടെ ഞാന്‍ അബോധാവസ്ഥയില്‍ അവളുടെ ക്ലാസ്സിലേക്ക് നടന്നു.
ശ്രീദേവിയുടെ മടിയിലുള്ള പുസ്തകത്തില്‍ നോക്കി മൂന്നു പേരും വായിക്കുകയാണ്. ഞാന്‍ നടന്ന് മുന്നിലെത്തിയത് അതില്‍ ലയിച്ചതിനാല്‍ അവര്‍ കണ്ടില്ല. ഞാന്‍ വിറക്കുന്ന കൈകള്‍ രണ്ടും ഡെസ്കില്‍ വെച്ച് അവളെ വിളിക്കാന്‍ നോക്കി. പെട്ടെന്ന് അവര്‍ വായിക്കുന്ന പുസ്തകം കണ്ട് ഞാന്‍ ഞെട്ടിപ്പോയി. ഒന്നും പറയാനാവാതെ ഞാന്‍ പുറത്തേക്ക് നടന്നു. ഒരു പെണ്‍കുട്ടിയെക്കുറിച്ചുള്ള സ്വഭാവ സങ്കല്‍പ്പങ്ങളില്‍ കരിനിഴലായി ആ കാഴ്ച. അവളെപ്പറ്റി കണ്ട സ്വപ്നങ്ങളൊക്കെ തകര്‍ന്നു പോയി. പിന്നീടൊരിക്കലും അവളോട് പഴയ ഇഷ്ടം തോന്നിയില്ല.
വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ദിവസം രാത്രി പത്രമാഫീസില്‍ എന്റെ മുന്നില്‍ ഒരു ചരമ ഫോട്ടോയുമായി ഒരു ചെറുപ്പക്കാരന്‍ എത്തി. വൈകി വരുന്നവര്‍ക്ക് കൊടുക്കുന്ന പതിവ് അവഗണനയോടെ ഞാന്‍ അയാളുടെ മുഖത്ത് നോക്കാതെ മാറ്റര്‍ വായിച്ച ശേഷം പിറകില്‍ പേരെഴുതാനായി ഫോട്ടോ എടുത്തു. മുല്ലപ്പൂ മാലയും സ്വര്‍ണ്ണാഭരണങ്ങളുമണിഞ്ഞ ഒരു ചെറുപ്പക്കാരിയുടെ കല്യാണ ദിവസമെടുത്ത ചിത്രമായിരുന്നു അത്. പെട്ടെന്ന് ആ മുഖം എവിടെയോ കണ്ട പോലെ എനിക്ക് തോന്നി. ഒന്നു കൂടി സൂക്ഷിച്ചു നോക്കി. അതു രാധാമണിയായിരുന്നു… നെഞ്ചിലൂടെ പറന്ന മിന്നല്‍പ്പിണരിലുണ്ടായ നടുക്കം മറച്ച് ഞാന് അയാളോട് ചോദിച്ചു.
“ഇവര് എങ്ങനെയാണ് മരിച്ചത്?...”“തീ കൊളുത്തി ആത്മഹത്യ ചെയ്തതാ…” അയാള്‍ പറഞ്ഞു.
ഓര്‍മ്മകളില്‍ ടൈപ്പ് റൈറ്ററിന്റെ പെരുമ്പറ മുഴങ്ങി... നീലക്കടലാസ്സില്‍ കറുത്ത മഷികളിലെഴുതിയ അക്ഷരങ്ങളെന്റെ മനസ്സിലേക്കോടിയെത്തി. എന്റെ കണ്ണുകള്‍ ഈറനാവുന്നത് അയാളില്‍ നിന്നു ഞാന്‍ മറച്ചു പിടിച്ചു. അവളെവിടെ എന്നു ഒരിക്കലും ഞാന്‍ അറിയുക പോലുമില്ലെന്നിരിക്കെ എന്തു കൊണ്ടായിരിക്കണം ആ വാര്‍ത്ത എന്റെ കൈകളില്‍ തന്നെ എത്തി ചേര്‍ന്നത്? അത്രമേല്‍ തീവ്രമായിരുന്നോ അവളുടെ സ്നേഹ സങ്കല്‍പ്പങ്ങള്‍! ജന്മങ്ങള്‍ക്കപ്പുറത്തേക്ക് പോലും നിശ്ശബ്ദമായി പിന്തുടരുക എന്നത് പ്രണയത്തിന്റെ നിയോഗമായിരിക്കാം.
പ്രിയപ്പെട്ട രാധാമണീ, ദുരിതപഥങ്ങള്‍ താണ്ടി നീ നടന്നു പോയ വഴിയിലൂടെ പിന്തുടര്‍ന്ന് എന്നെങ്കിലും കണ്ടുമുട്ടുമ്പോള്‍ എന്റെ കൈയ്യില്‍ നിനക്കു തരാന്‍ ഒരു മറുപടിയുണ്ടായിരിക്കും.
മുഹമ്മദ് സാദിഖ്...
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home