Tuesday, June 5, 2012


പ്രണയം... ഒരു ബാക്കിപത്രം...




അവൾ ചിരിച്ചു തുടങ്ങി...
നിര തെറ്റിയ കിന്നരിപ്പല്ലുകളും, നീലക്കണ്ണുകളും അവളുടെ സൗന്ദര്യത്തിന്‌ മാറ്റ്‌ കൂട്ടീയിരുന്നു...
ഞാൻ ആ ഭംഗി ആസ്വദിക്കുവാൻ ഒരിക്കലും വിഷമിച്ചിരുന്നില്ല... 

ഒരിക്കൽ അവൻ എന്നോട്‌ പറഞ്ഞു, “ഞാൻ അവളെ ഇഷ്ടപ്പെടുന്നു”..
“വേണ്ട,... അത്‌ ശരിയല്ല... നിനക്ക്‌ യൂദാസിന്റെ മുഖമാണ്‌” എന്റെ വാക്കുകൾ അവനെ വിഷമിപ്പിച്ചുവോ? 

പിന്നീട്‌ ഞാനവരെയൊരുമിച്ച്‌ കണ്ടു... ഒരു വസന്തകാലത്ത്‌...... പൂന്തോട്ടങ്ങളിൽ, തെരുവുകളിൽ.....
അവസാനം, നിഴൽ നിറഞ്ഞ അക്കേഷ്യാ മരങ്ങൾക്കൂട്ടങ്ങൾക്കിടയിൽ വെച്ച്‌...
അവളുടെ മുഖം ചുവന്നിരുന്നു... 
ഞാൻ അവളുടെയടുത്തെത്തി.... അവനെ വിശ്വസിക്കരുത്‌... അവൻ യൂദാസാണ്‌...
“പക്ഷേ.... പക്ഷേ ഞാനവനിൽ യേശുദേവനെക്കാണുന്നു... നിന്നിൽ യൂദാസിനെയും”.. അവൾ പ്രതിവചിച്ചു...
ഉത്തരം മുട്ടി ഞാൻ തിരികെ നടന്നു, വിജയിയായി അവൻ എന്നെക്കടന്നു പോയി... 

പിന്നീട്‌ ഞാനവരെക്കണ്ടത്‌ കമ്പോളത്തിൽ വെച്ചാണ്‌... ഒരു വേനൽക്കാലത്ത്‌......
യൂദാസിന്റെ മുഖമുള്ള ആ കുറിയ മനുഷ്യൻ വിളിച്ചു പറയുന്നു,“എനിക്കറിയില്ല, ഞാനറിയില്ലിവളെ”... അയാളുടെ മടിശ്ശീലയിലെ വെള്ളിത്തുട്ടുകൾ അതേറ്റ്‌ പറഞ്ഞു... 

ഞാൻ അവളെ സൂക്ഷിച്ചു നോക്കി, അവളുടെ നീലക്കണ്ണുകളിലെ സൂര്യൻ അസ്തമിച്ചിരുന്നു... പുഞ്ചിരി മരിച്ചുപോയിരുന്നു... ഉരുണ്ട്‌ തള്ളിയ പുതുനാമ്പിൽ തലോടി അവൾ പറഞ്ഞു.. “ഞാനും... എനിക്കുമിയാളെ അറിയില്ല”
“പക്ഷേ... എനിക്കറിയാം... ഞാനിവരെക്കണ്ടിട്ടുണ്ട്‌... നിഴൽ നിറഞ്ഞ അക്കേഷ്യക്കൂട്ടങ്ങൾക്കിടയിൽ വെച്ച്‌”... എന്റെ മനസ്സ്‌ പിറുപിറുത്തു... 

അവളെ ക്രൂശിക്കുക അയാൾ പറഞ്ഞു.... അവളെ ക്രൂശിക്കുക... ക്രൂശിക്കുക... ജനക്കൂട്ടമത്‌ ഏറ്റുപറഞ്ഞു... 

അപമാനത്തിന്റെ ക്രൂശും ചുമന്ന്‌ അവൾ യാത്രയായി... മറവിയുടെ ഗാഗുൽത്തായിലേക്ക്‌..... 

വെള്ളിത്തുട്ടുകളുടെ കിലുക്കം അകന്നുപോയി... പുതിയ ഇരയേയും തേടി.... 

പിന്നെയും വസന്തങ്ങൾ.....
വർഷങ്ങൾ.....
വേനലുകൾ.

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home