Sunday, June 17, 2012


മലയാളിയുടെ മാറുന്ന പ്രണയ സങ്കല്പങ്ങള്‍

    പ്രണയത്തിനു മലയാളി എന്നോ തമിഴനോ എന്നൊന്നുമില്ല, എങ്കില്‍ പോലും മലയാളിയുടെ  പ്രണയങ്ങള്‍ക്ക്  മറ്റുള്ള നാട്ടുകാരുടെ പ്രണയത്തേക്കാള്‍ മനോഹരമായി  വര്‍ണിക്കാന്‍ സാധിക്കുന്ന ഒരു കഥാ സാഹചര്യവും  പശ്ചാത്തലവും പണ്ട് ഉണ്ടായിരുന്നു. ഞാന്‍ ഒരു മലയാളി ആയതു കൊണ്ടാണോ എനിക്കിങ്ങനെ ഒക്കെ തോന്നുന്നത് എങ്കില്‍ സദയം ക്ഷമിക്കുക. മൊബൈലും , കമ്പ്യൂട്ടറും , എന്തിനു വീട്ടിലുള്ള ഫോണ്‍ പോലും ഇല്ലാത്ത ഒരു കാലത്തെ പ്രണയം. അന്നത്തെ ബന്ധങ്ങളും സൌഹൃദങ്ങളും ആത്മാര്‍ഥത കൊണ്ട് നിറഞ്ഞു നില്‍ക്കുന്നതാണ്. 

   പട്ടു പാവാടയും, കാതില്‍ ജിമിക്കിയും നെറ്റിയില്‍ ഒരു ചന്ദന കുറിയും തൊട്ട് , തുളസികതിര്‍ ചൂടി പിന്നിയിട്ടിരിക്കുന്ന മുടിയില്‍ നിന്ന് വെള്ളത്തുള്ളികള്‍ പൊഴിച്ച് കൊണ്ട് അവള്‍ പച്ച നിറം വിരിച്ചു നില്‍ക്കുന്ന പാട വരമ്പിലൂടെ നടന്നു വരുന്നു. ഇത് വരെ പ്രണയം എന്താണെന്ന് അറിയാത്ത ഒരു ചെറുപ്പക്കാരന്‍  പാടത്തിന്‍റെ മറ്റൊരു വശത്ത് കൂടി വരുന്നു. പ്രഭാതത്തിലെ നനുത്ത കാറ്റ് അവന്റ ഹിപ്പി മുടിയെ അലങ്കോലപ്പെടുത്തുന്നു എങ്കിലും അവന്‍ കാര്യമാക്കുന്നില്ല. കൂര്‍ത്തു മുനമ്പിച്ച് നില്‍ക്കുന്ന കൃതാവും 'ന ' എന്നെഴുതിയ പോലെയുള്ള  അവന്‍റെ കട്ടിയില്ലാത്ത മീശയും അവനെ കൂടുതല്‍ കൌമാരക്കാരന്‍ ആക്കിയിരുന്നു.

    അവളും അവനും ഒരു വരമ്പില്‍ ഒരേ സമയം എത്തിച്ചേര്‍ന്നു. ഇനിയങ്ങോട്ട് റോഡില്‍ എത്താന്‍ രണ്ടാള്‍ക്കും ഒരേ പാടവരമ്പു മാത്രം. ആദ്യമായി അവര്‍ തമ്മില്‍ അന്നാണ് മുഖാമുഖം കാണുന്നത്. രണ്ടു പേരും ഒരേ സമയം ആ വരമ്പിലേക്ക്‌ കയറാന്‍ തുനിഞ്ഞു, പിന്നെ ഒരേ സമയം പിന്നോട്ട് തന്നെ കാലെടുത്തു വച്ച് മറ്റെയാള്‍ക്ക് വേണ്ടി. ഒരു ചെറു ചിരിയോടെ അവന്‍ അവളോട്‌ പറഞ്ഞു "കുട്ടി ആദ്യം നടന്നോളൂ ". അവള്‍ ഒരു ചെറിയ മൂളല്‍ മൂളി എന്നിട്ട് വരമ്പിലേക്ക്‌ കയറി. 

  അവള്‍ക്കു പിന്നാലെ അവളുടെ അതെ ചുവടുകള്‍ ചവിട്ടി അവളുടെ അതെ വേഗത്തില്‍ അവന്‍ നടന്നു തുടങ്ങി. ചെറിയ കാറ്റില്‍ അവളുടെ മുടിയിഴകളിലെ കാച്ചിയ എണ്ണയുടെയും, തുളസി കതിരിന്റെയും പിന്നെ അലമാരയില്‍ സോപ്പുകള്‍ക്കിടയില്‍ അടുക്കി വച്ചിരുന്ന ആ ഉടുപ്പിന്റെയും മണം അവന്റെ നടത്തത്തിനു പിന്നെയും വേഗത കുറച്ചു. അവന്‍ അവളോട്‌ സംസാരിച്ചു എന്തൊക്കെയോ .. അവള്‍ മൂളുക മാത്രമേ ചെയ്തുള്ളൂ. മാറോടു അടുക്കി പിടിച്ച പുസ്തകങ്ങള്‍ അവള്‍ കൂടുതല്‍ അടുക്കി പിടിച്ചു. എന്നിട്ട് ഏപ്പന്‍   പുല്ലുകളില്‍ നിന്നും പാവടയെ രക്ഷിക്കാന്‍ അറ്റം ഇത്തിരി പൊക്കി പിടിച്ചു. 

   അവന്‍ തന്‍റെ  വെള്ള കരയുള്ള മുണ്ട് മടക്കി ഉടുത്തു. അല്‍പനേരം കൊണ്ട് റോഡില്‍ എത്തി.പെട്ടെന്ന് അവള്‍ കൂട്ടുകാരികള്‍ക്കൊപ്പം പോയി നിന്നപ്പോള്‍  അവന്‍ പിന്നെ  അവളെ നോക്കിയതെ ഇല്ല. ബസ്‌ വരുന്നു. എല്ലാവരും ധൃതിയില്‍ കയറി ഇരിക്കുംബോളും അവന്‍ മറ്റെന്തോ തിരയുന്ന പോലെ.   തിരക്ക് കാരണം ബസില്‍ കുറച്ചു പേര്‍ നില്‍ക്കുന്നു. അവന്‍ അവളുടെ ഉടുപ്പിന്റെ നിറം ആ ബസിന്‍റെ മുന്‍പില്‍ നില്‍ക്കുന്നവരില്‍ ഉണ്ടോ എന്ന് തിരഞ്ഞു . അവള്‍ അവിടെ ഒരു സീറ്റു ചാരി നില്‍ക്കുന്നു. ഒരു കൈ മുകളില്‍ കമ്പിയില്‍ പിടിച്ചു വച്ചിരിക്കുന്നു. അവന്‍ ആ കൈകളിലേക്ക് തന്നെ നോക്കി കുറച്ചു നേരം. സ്റ്റോപ്പ്‌ എത്തിയത് പെട്ടെന്നായി തോന്നി. 

  അവന്‍ ഇറങ്ങി മുന്നോട്ടു നടന്നു ചെറിയ ഒരു വിഷമത്തോടെ . അവള്‍ ഒളി കണ്ണോടെ ബസിനുള്ളില്‍ നിന്നും അവനെ ഒരു വട്ടം നോക്കി. അവനതു കണ്ടെന്നു തോന്നുന്നു. പിന്നെടെപ്പോലോക്കെയോ ആ പാട വരമ്പും , ആ ബസ്‌ യാത്രയും അവരെ കൂടുതല്‍ അടുപ്പിച്ചു. വീട്ടില്‍ ശക്തമായ എതിര്‍പ്പുകള്‍ ഉണ്ടായിട്ടും അവരുടെ നിര്‍ബന്ധപ്രകാരം വീട്ടുകാര്‍ തന്നെ ആ കല്യാണം നടത്തി കൊടുത്തു. 


    ഇത് ഒരു വേറിട്ട പഴയ കാല പ്രണയ കഥയല്ല. പണ്ടത്തെ കാലത്ത് അതായിരുന്നു പ്രണയ പശ്ചാത്തലം. അന്നത്തെ പ്രണയത്തിലെ ആത്മാര്‍ഥതയും തീവ്രതയും ഇന്നത്തെ കാലത്ത് ചുരുക്കം അല്ലെങ്കില്‍ ഇല്ല എന്ന് തന്നെ പറയാം. ഇന്നിപ്പോള്‍ ആര്‍ക്കും ആരെയും എപ്പോള്‍ വേണമെങ്കിലും എങ്ങനെ വേണമെങ്കിലും പ്രേമിക്കാം, പക്ഷെ അത് വിവാഹത്തിലേക്ക് എത്തണം എന്നില്ല.


  രാത്രിയും പകലും കാമുകിയുടെ ഫോണ്‍ വിളി കാമുകനെ ശല്യപെടുത്തി. അവന്‍ അവളെയും . വര്‍ഷങ്ങള്‍ നീണ്ട പ്രണയ- വികാര- സമാഗമങ്ങളുടെ  അവസാനം കാമുകിക്ക് വീട്ടുകാരുടെ വക തകര്‍പ്പന്‍ ഒരു കല്യാണ ആലോചന . കാമുകി സമ്മതിച്ചു എന്നറിഞ്ഞ നിമിഷം മുതല്‍ കാമുകന്‍ ഫോണ്‍ ചെയ്യുന്നു എങ്കിലും അവള്‍ എടുക്കുന്നില്ല  . പകരം അവളുടെ  ഒരു സന്ദേശം മാത്രം. "ജീവിതം ഒന്നേ ഉള്ളൂ. ഈ ജന്മം ഞാന്‍ നിനക്കുള്ളതല്ല.എന്റെ വീട്ടുകാരെ   വെറുപ്പിച്ചു എനിക്കൊന്നും ചെയ്യാന്‍ സാധിക്കില്ല. നീ വേറെ ഒരു വിവാഹം കഴിക്കണം . എന്നെ മറന്നേക്കൂ ." 


അവിടെയാണ് ഇടവേള. ഒപ്പം കല്യാണ്‍ ജ്വല്ലേഴ്സ്   പരസ്യം "വിശ്വാസം അതല്ലേ എല്ലാം ". 


  ഒന്ന് ചോദിച്ചോട്ടെ ഇവിടെ എവിടെയാണ് അവള്‍ വിശ്വാസം കാത്തു സൂക്ഷിച്ചത്. ? കുറെ വര്‍ഷം അച്ഛനെയും അമ്മയെയും  വഞ്ചിച്ച്   ഒരുത്തന്‍റെ കൂടെ കറങ്ങി നടന്നു അല്ലെങ്കില്‍ ഒളിച്ചോടാന്‍ തുടങ്ങി. പിന്നെ അവള്‍ , അവനെ  വഞ്ചിച്ച്   അച്ഛന്റെയും അമ്മയുടെയും കൂടെ കൂടി. വേറൊരു ദിവസം കല്യാണം കഴിക്കുന്ന ചെക്കനോട് ഇതെല്ലാം മറച്ചു വച്ച് അവനെയും വഞ്ചിച്ച്  സന്തോഷപൂര്‍വ്വം ജീവിക്കുന്നു.  കൊള്ളാം! ഇത് നല്ല നാട്ടു നടപ്പ് തന്നെ.  


  അതിനിടയില്‍ ഫേസ് ബുക്കില്‍ അവളുടെ ജീവിത സന്തോഷങ്ങളുടെ ഫോട്ടോ , കുഞ്ഞിന്റെ ഫോട്ടോ പിന്നെ ഒരുപാട് കമന്റ്സ് , ലൈക്‌ അങ്ങനെ അങ്ങനെ.. ഒടുവില്‍ എപ്പോളെങ്കിലും വര്‍ഷങ്ങള്‍ക്കു ശേഷം ഭര്‍ത്താവില്‍ നിന്നും അസ്വാരസ്യങ്ങള്‍ അനുഭവപെടുമ്പോള്‍ ഫേസ് ബുക്കില്‍ പഴയ കാമുകനെ കണ്ടെത്തി മാപ്പ് അപേക്ഷിക്കുന്നു. കാമുകന്‍ വേറൊരു വിവാഹം കഴിച്ചു ജീവിക്കുന്ന അവസരത്തില്‍ ആയിരിക്കും ഇത് കാണുക. ഉപദേശങ്ങള്‍ , ആശ്വാസങ്ങള്‍ അങ്ങനെ ഒരു നാളില്‍ , വീണ്ടും ഒരു പത്ര വായനയില്‍ നമ്മള്‍ ചിലപ്പോള്‍ വായിച്ചേക്കാം " ഭര്‍ത്താവും കുഞ്ഞും ഉള്ള യുവതി പഴയ കാമുകന്റെ കൂടെ ഒളിച്ചോടി പോയി ". ആ പത്രത്തിന്റെ താഴെയും നമുക്ക് കാണാം കല്യാണ്‍ ജ്വല്ലേഴ്സ്   പരസ്യം "വിശ്വാസം അതല്ലേ എല്ലാം "

     എല്ലാ പ്രണയങ്ങള്‍ക്കും ഇതേ അവസ്ഥ ഇല്ല, എല്ലാ കമിതാക്കളും ഇതേ പോലെ ആയിരിക്കണം എന്നുമില്ല. ഇത് വായിക്കുക ,, മറക്കുക. മലയാളിക്ക് ഇത്തരം പ്രണയം വേണമോ വേണ്ടയോ എന്ന് അവനവന്‍ തീരുമാനിക്കട്ടെ. ജീവിതത്തില്‍ ഒരിക്കല്‍ പോലും , ഒരിത്തിരി നേരത്തേക്കെങ്കിലും  പ്രേമിക്കാത്തവര്‍ ഉണ്ടാകില്ല. എല്ലാ പ്രണയങ്ങള്‍ക്കും വിവാഹത്തില്‍ എത്താന്‍ സാധിച്ചു കൊള്ളണം എന്നുമില്ല. പക്ഷെ പ്രണയിക്കുന്നവരെ വഞ്ചിക്കാതിരിക്കുക. നിങ്ങള്‍ വഞ്ചിക്കുന്നവര്‍  ആണെങ്കില്‍ ഒരിക്കലും പ്രണയിക്കരുത്. വീട്ടുകാരെ കൂടുതല്‍ ഇഷ്ടപെടുന്നു എങ്കില്‍ ഒരിക്കലും ഒരിക്കലും ആരെയും പ്രണയിക്കരുത്. 

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home