Sunday, June 17, 2012


ദി കട്ടുറുമ്പ്


കുട്ടിക്കാലത്ത് തറവാട്ടിലെ മണ്ണ് കൊണ്ടുണ്ടാക്കിയ ഉമ്മറ തിണ്ണയില്‍ ഞാന്‍ കിടന്നുരുളുമ്പോള്‍ അച്ഛമ്മ പേടിപ്പിക്കും വല്ല കട്ടുറുമ്പും കടിക്കും എന്ന് പറഞ്ഞ്. 

'കട്ടുരുമ്പോ , അതെന്താ അച്ഛമ്മേ...' ഞാന്‍ കാണാത്ത ഒരു ജീവിയെ കുറിച്ചുള്ള  അതിശയത്തോടെ ചോദിക്കും. 

വായിലുള്ള മുറുക്കാന്‍ തുപ്പി കൊണ്ട് അച്ഛമ്മ പറയും ' ആ അത് ഈ വികൃതി കുട്ടികളെ ഒക്കെ ഉപദ്രവിക്കുന്ന ഒരു വല്ല്യ ജീവിയാ. വേഗം കളി നിര്‍ത്തി കുളിക്കാന്‍ നോക്ക് '

' അത് വികൃതി കുട്ടികളെ അല്ലേ , ഞാന്‍ അച്ഛമ്മേടെ നല്ല കുട്ടിയല്ലേ ..?' ഞാന്‍ പറയും ..
' ആ അടവോന്നും കട്ടുറുമ്പ് കേള്‍ക്കില്ലാ ട്ടോ ..'

 ഞാന്‍  വേഗം കളി നിര്‍ത്തി കുളിച്ചു അച്ഛമ്മയുടെ അടുത്ത് ചെല്ലും. അച്ഛമ്മ മുറുക്കാന്‍ പെട്ടിയില്‍ നിന്നും ചെറിയ വെള്ള നിറത്തിലുള്ള ഗ്യാസ് മിടായി എടുത്തു തരും.  ഒരു മിട്ടായി വായില്‍ അലിയിച്ചു കൊണ്ടിരിക്കുമ്പോള്‍ ഞാന്‍ ഒന്നും കൂടി കൈ നീട്ടും. 

' ഇനി ഇന്നില്ല. ഒരു ദിവസം ഒന്ന് മാത്രേ തരൂ ..' അച്ഛമ്മ പറയും. 
' എനിക്കല്ല രാത്രി കട്ടുരുംബിനു കൊടുക്കാനാ. . ; 
' അമ്പടാ. ..' അച്ഛമ്മ ഒന്നും കൂടി അവസാനം തരും. 

അച്ഛമ്മ പറഞ്ഞത് നേരായിരുന്നു, വികൃതി കാണിച്ചാല്‍ കട്ടുറുമ്പ് കടിക്കും. ഒരിക്കല്‍ തെക്കേ തൊടിയിലെ മാവില്‍ കല്ലെറിഞ്ഞു മതിയായപ്പോള്‍  മാവിന്‍റെ  ചുവട്ടില്‍   അല്‍പ്പ നേരം ഇരുന്നു. എന്തോ എന്നെ കടിച്ചു. എനിക്ക് മനസ്സിലായി അത് കട്ടുറുമ്പ് തന്നെ. ഞാന്‍ അച്ഛമ്മയുടെ അടുത്തേക്ക് ഓടി കിതച്ചു ചെന്നു. അപ്പോളേക്കും പുറത്തൊക്കെ തണര്‍ത്ത പോലെ ആയി. 

' പുളിയുറുമ്പ് കടിച്ചാല്‍ ഇങ്ങനെ ഒക്കെ ഉണ്ടാകും .., ഓരോ ജീവികളെ ഇങ്ങനെ ഉപദ്രവിച്ചാല്‍ അങ്ങനെ തന്നെയാ.. ' അടുക്കളയില്‍ നിന്നും ശകാരങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങിയിരിക്കുന്നു. അച്ഛമ്മ ഭസ്മം പുറത്തു തേച്ചു തരുമ്പോള്‍ ഞാന്‍ ചോദിച്ചു ' അപ്പൊ കടിച്ചത് കട്ടുറുമ്പ് അല്ലാ ല്ലേ ? ഈ പുളിയുറുമ്പ് എവിടെയാ ണ്ടാവുക?'

അന്ന് തൊട്ടു ഞാന്‍ ഉറുമ്പുകളെ വീക്ഷിക്കാന്‍ തുടങ്ങി. കിട്ടുന്ന ഓരോ ഉറുമ്പിനെയും ഞാന്‍ ചെറിയ ചില്ല് കുപ്പിയില്‍ ഇട്ടു വക്കാന്‍ തുടങ്ങി. ചോണന്‍ ഉറുമ്പ്, എന്നെ കടിച്ച    പുളിയന്‍ ഉറുമ്പ് ,  പാമ്പുരുമ്പ്, അങ്ങനെ എല്ലാത്തിനെയും എനിക്ക് കിട്ടി. പക്ഷെ ആദ്യം മുതലേ കേള്‍ക്കാന്‍ തുടങ്ങിയ കട്ടുറുമ്പ് , അവനെയാണ്‌ എനിക്കിനി വേണ്ടത്. എല്ലാ കുപ്പിയിലും ഉറുമ്പുകള്‍ക്ക് കഴിക്കാന്‍ ഞാന്‍ എന്തെങ്കിലും ഇട്ടു കൊടുക്കുമായിരുന്നു. 

 ഒരു    ദിവസം അച്ഛമ്മ തന്നെ എനിക്ക് കട്ടുറുമ്പ് എന്ന   വലിയ ജീവിയെ കാണിച്ചു തന്നു. ഞാന്‍ അതിനെയും പിടിച്ചു കുപ്പിയിലാക്കി. ഈ ചെറിയ ഉറുമ്പിന്റെ പേര് പറഞ്ഞാണോ അച്ഛമ്മ എന്നെ പേടിപ്പിചിരുന്നത് എന്ന് ഞാന്‍ ആലോചിച്ചു. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ ആ സാധു ഉറുമ്പുകലെയെല്ലാം ഞാന്‍ വിട്ടയച്ചു. കട്ടുറുമ്പിനെ മാത്രം ഞാന്‍ എന്തോ വിട്ടില്ല. കുറെ ദിവസങ്ങള്‍ ഞാന്‍ അതിനെ തന്നെ നോക്കി ഇരുന്നു. ഒരു ദിവസം ചില്ല് പാത്രത്തില്‍ കിടന്നത് കൊണ്ടോ എന്തോ അത് ചത്ത്‌ പോയി. അന്ന് ഭയങ്കര വിഷമം ആയിരുന്നു.   അതിനു ശേഷം കുറെ കാലം ഞാന്‍ കട്ടുരുംബുകളെ കണ്ടിട്ടും കേട്ടിട്ടും ഇല്ലായിരുന്നു. 
   
   പിന്നൊരിക്കല്‍ , കോളേജില്‍  പഠിക്കുന്ന കാലത്ത് ലൈന്‍ അടിക്കുന്ന പിള്ളേരുടെ അടുത്തോട്ടു ഒന്ന് ചെന്നാല്‍ മതി അപ്പോള്‍ പറയും ' ശോ ഇവനെ കൊണ്ട് വല്ലാത്ത ശല്യമായല്ലോ , നീ സ്വര്‍ഗത്തിലെ കട്ടുറുമ്പ് ആകാതെ വേഗം പോയെ പോയെ ..'

ശ്ശെടാ. ഇതെന്തിനാ ഇവരെല്ലാവരും ഈ കട്ടുറുമ്പിനെ ഇങ്ങനെ കുറ്റം പറയുന്നത്. ഇവര്‍ക്കൊക്കെ എന്ത് ദ്രോഹം ചെയ്തു ഈ പറയുന്ന കട്ടുറുമ്പ് ? എന്നൊക്കെ ആലോചിച്ചു കൊണ്ട് ഞാന്‍ അവരുടെ സ്വര്‍ഗത്തില്‍ നിന്നും മാറി നടന്നു. എന്നിട്ടെന്തായി അവസാനം കട്ടുറുമ്പിന് ഒന്നും സംഭവിച്ചില്ല. അവര് പ്രേമിച്ചു , കല്യാണം ഒക്കെ കഴിച്ചു ഇപ്പോള്‍ വിവാഹ മോചനവും കഴിഞ്ഞു. ഇപ്പൊ സ്വര്‍ഗോം ഇല്ലാ കട്ടുറുമ്പും ഇല്ലാ ല്ലോ ..   ഡിങ്ങ ഡിങ്ങ ...
   വേറൊരിക്കല്‍ ഫേസ് ബുക്കില്‍ ചാറ്റിങ്ങിനിടെ ഒരുത്തന്‍ എന്നോട് വീണ്ടും അതെ വാക്കുകള്‍ പറഞ്ഞു ' ഡാ നീ ഒന്ന് നിര്‍ത്തി പോയെ, ലവള് ഓണ്‍ലൈനില്‍ വന്നിട്ടുണ്ട് , നീ സ്വര്‍ഗത്തിലെ കട്ടുറുമ്പ് ആകാതെ വേഗം പോ.. ബാക്കി വിശേഷങ്ങള്‍ ഒക്കെ പിന്നെ പറയാം ..ബൈ ..' അവന്‍ പോയി..  

അന്ന് ഞാന്‍ കണ്ണാടി നോക്കി കൊണ്ട്, സ്വയം കട്ടുറുമ്പായി വേഷമണിഞ്ഞു, വടക്കന്‍ വീരഗാഥയിലെ ചന്തു പറയുന്ന പോലെ പറഞ്ഞു  " കട്ടുറുമ്പ് പേര് പറഞ്ഞു അച്ഛമ്മ ആദ്യം എന്നെ പേടിപ്പിച്ചു , സ്നേഹത്തോടെ ചില്ല്  പാത്രത്തില്‍ ചത്ത്‌ മലച്ച  സാക്ഷാല്‍ കട്ടുറുമ്പ്  എന്നെ വിഷമിപ്പിച്ചു , ഇപ്പോള്‍ ധാ നിങ്ങള്‍ക്കൊക്കെ ഞാന്‍ ശല്യവുമായിരിക്കുന്നു. ഇനി വേറെ എന്തൊക്കെ കെട്ടു കഥകള്‍ ഉണ്ട് നിങ്ങളുടെ നാട്ടില്‍ പാടി നടക്കാന്‍ ..? ഈ പാവം കട്ടുറുമ്പിനെ കുറിച്ച് മനസിലാക്കാന്‍ നിങ്ങള്‍ കേട്ട കഥകള്‍ ഒന്നും മതിയാകില്ല മക്കളെ ..മതിയാകില്ല...ഇനി എന്നെ കിട്ടില്ല നിങ്ങളുടെ പഴി ചാരല്‍ കേള്‍ക്കാന്‍ ..... അത് കൊണ്ട് മടങ്ങി പോകിന്‍ നിങ്ങള്‍ ..ഹും.. മടങ്ങി പോകാനാ പറഞ്ഞത് .. '"

പെര്‍ഫോര്‍മന്‍സ് കഴിഞ്ഞു ..ഞാന്‍ ആലോചിക്കുകയാണ്.
" അല്ല  ഈ കട്ടുറുമ്പ് ഇനി ഇവര്‍ പറയുന്ന പോലെ സ്വര്‍ഗത്തില്‍ പോയി വല്ല അല്‍ കുല്ത് പരിപാടിയും കാണിച്ചിട്ടുണ്ടോ .. ഒന്നുമില്ലാതെ ഇങ്ങനെ എല്ലാവരും പറയില്ല ല്ലോ .."

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home